കൊട്ടാരക്കരയുടെ ജനപ്രതിനിധിയായി നിങ്ങളെന്നെ തെരഞ്ഞെടുത്തിട്ട് നാല് വർഷം പൂർത്തിയായിരിക്കുന്നു. തെരഞ്ഞെടുപ്പ് വേളയിൽ പറഞ്ഞ വാക്കുകൾ പാലിക്കാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യത്തോടെയാണ് സർക്കാരിൻ്റെ നാലാം വാർഷികത്തിൽ ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്.
കൊട്ടാരക്കരയുടെ സർവ്വതോമുഖമായ പുരോഗതിയും സമഗ്രമായ വികസനവും ലക്ഷ്യം വെച്ചുകൊണ്ടുള്ള നിരവധി പദ്ധതികൾ ഈ കാലയളവിൽ ആവിഷ്കരിക്കാൻ കഴിഞ്ഞു. നൂറുകണക്കിന് പദ്ധതികൾ പൂർത്തീകരിക്കുകയും ശേഷിച്ചവയുടെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. ഭൂരിഭാഗം പദ്ധതികളും പൂർത്തീകരണത്തിലേക്ക് അടുക്കുകയാണ്. റോഡുകളും പാലങ്ങളും സ്കൂൾ കെട്ടിടങ്ങളും സർക്കാർ ഓഫീസുകളും നിർമ്മിക്കുവാനും നവീകരിക്കുവാനും കഴിഞ്ഞു. ആരോഗ്യമേഖലയിലെ അടി സ്ഥാന സൗകര്യവികസന രംഗത്തും വലിയ മാറ്റങ്ങളുണ്ടാക്കുവാനായി.
കൊട്ടാരക്കര നഗരത്തിൻ്റെ മുഖച്ഛായ മാറ്റുവാൻ കഴിയുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾക്കും-ആരംഭം കുറിച്ചിട്ടുണ്ട്. നഗരത്തിൽ പതിറ്റാണ്ടുകളായി കാടുപിടിച്ച് കിടന്നിരുന്ന രവി നഗറിൽ ഐ.ടി പാർക്ക്, ഓപ്പൺഎയർ ഓഡിറ്റോറിയം, മുനിസിപ്പൽ ആസ്ഥാനം എന്നിവ നിർമ്മിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൊട്ടാരക്കരയിൽ സ്ഥിതിചെയ്യുന്ന 114.3 ഏക്കറുള്ള ഇ.റ്റി.സി ക്യാമ്പസിൽ സർവ്വേ നടപടികൾ നടത്തുകയുണ്ടായി. കൊട്ടാരക്കരയിലെ പുതിയ നഴ്സിംഗ് കോളേജ്, സംസ്ഥാ നത്തെ ആദ്യത്തെ ഡ്രോൺ പാർക്ക്, ഹെലിപാഡ്, സയൻസ് മ്യൂസിയവും പ്ലാനിറ്റോറിയവും, ടൗണിൽ നിന്നും മാറ്റി സ്ഥാപിക്കുന്ന സബ് ജയിൽ, ആധുനിക സ്റ്റേഡിയം, കേരള യൂണിവേഴ്സിറ്റി റീജണൽ സെന്റർ എന്നിവ ഇവിടെ സ്ഥാപിക്കുകയാണ്. കൊട്ടാരക്കരയുടെ ഗതാഗത രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കുന്ന എം.സി റോഡ് ബൈപാസ്സ് നിർമ്മാണം ഈ വർഷം തന്നെ ആരംഭിക്കുകയാണ്.
കൊട്ടാരക്കരയെ ഒരു ഐ.ടി നഗരമാക്കി മാറ്റുന്നതിനുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളും നടപ്പിലാവുകയാണ്. മൂന്ന് ഐ.ടി പാർക്കുകളാണ് കൊട്ടാരക്കരയിൽ അനുവദിച്ചിട്ടുള്ളത്. സർക്കാർ മേഖലയിൽ ആർട്സ് & സയൻസ് കോളേജും നഴ്സിംഗ് കോളേജും മണ്ഡലത്തിൽ പ്രവർത്തനമാരംഭിച്ചു. ജീർണ്ണാവസ്ഥയിലായ കൊട്ടാരക്കര കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ആധുനിക നിലവാരത്തിൽ പുതുക്കി പണിയാനുള്ള അനുമതികൾ ലഭ്യമായിക്കഴിഞ്ഞു. സംസ്ഥാനത്തെ ആദ്യ ഡ്രോൺ പാർക്ക് കൊട്ടാരക്കരയിൽ വരികയാണ്. ഇവയുൾപ്പെടെ നൂറുകണക്കിന് വികസന പദ്ധതികളാണ് മണ്ഡലത്തിൽ നടപ്പിലാകുന്നത്. ‘പുതിയകാലം പുതിയ കൊട്ടാരക്കര’ എന്നതാണ് നാം മുന്നോട്ടുവെയ്ക്കുന്ന ആപ്തവാക്യം. നമുക്കൊരുമിച്ച് കൈകൾ കോർത്ത് കൂടുതൽ കരുത്തോടെ നാടിനെ മുന്നിലേക്ക് നയിക്കാം.
